പാക് അധീന കാശ്മീർ ഇന്ത്യയുടേതാണ്, ചൈനീസ് അധീന കാശ്മീരോ?
പാക് അധീന കാശ്മീർ ഇന്ത്യയുടേതാണ്, ചൈനീസ് അധീന കാശ്മീരോ?
കശ്മീർ എന്ന് പറയുമ്പോൾ നമ്മുടെ മുമ്പിൽ വരുന്ന ചിത്രം ഇന്ത്യൻ ഭൂപടത്തിലെ തലയിൽക്കെട്ടുപോലെ തോന്നിക്കുന്ന ഭാഗമാണ്, പഠിക്കുന്ന കാലത്ത് അത് തെറ്റിച്ചു വരച്ചാൽ മാർക്ക് പോകുമായിരുന്നു, ഇന്ന് തെറ്റിച്ചു വരച്ചാൽ രാജ്യദ്രോഹത്തിന് അകത്തു പോകും (ചിത്രം താഴെയുണ്ട്)
നമ്മൾ വരച്ചു പഠിച്ച കശ്മീർ ഒരു നുണയാണ്. ആ കശ്മീരിന്റെ ഒരു ഭാഗം പാക്സിതാന്റെ കയ്യിലാണ്, ഒരു ഭാഗം ചൈനയുടെ കയ്യിലാണ്. പാകിസ്ഥാനുമായി കശ്മീരിലെ നമ്മുടെ അതിർത്തിയാണ് ലൈൻ ഓഫ് കൺട്രോൾ (LoC) ചൈനയുമായി ഉള്ള അതിർത്തിയാണ് ലൈൻ ഓഫ് ആക്ചുവൽ കൺട്രോൾ. (LAC) മഞ്ഞുമലകകൾക്കിടയിലൂടെയുള്ള ഒരുതരം 'സാങ്കല്പീക' വരയാണിത്, LOC ഒരു പരിധിവരെ തെളിഞ്ഞ വരയാണ്, LAC ക്ക് അത്ര തെളിച്ചം പോര. പണ്ട് ഇഎംഎസ് പറഞ്ഞ പോലെ നാം നമ്മുടേതെന്നും അവർ അവരുടേതെന്നും പറയുന്ന കുറെയേറെ പ്രദേശങ്ങൾ അവിടെയുണ്ട്. 1914 ലെ സിംലാ കരാറിന്റെ ഭാഗമായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹെൻട്രി മക്മോഹൻ വരച്ച മക്മോഹൻ ലൈൻ മുതൽ 1962 ഇന്ത്യ-ചൈനാ യുദ്ധാനന്തരമുള്ള വരവരെ ആ അതിർത്തി വരക്ക് വലിയ ചരിത്രമുണ്ട്.
പാക്കിസ്ഥാനും ഇന്ത്യയ്ക്കുമിടയ്ക്ക് നിലനിന്നിരുന്ന ഒരു സ്വതന്ത്ര നാട്ടുരാജ്യമായിരുന്നു കാശ്മീർ, ബ്രിട്ടിഷുകാരുടെ അധികാരത്തിന് പുറത്തുള്ള, രാജഭരണം നിലനിന്നിരുന്ന ഒരു നാട്ടുരാജ്യം. തിരുവിതാംകൂറും കൊച്ചിയും പോലെ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുമ്പോൾ അവർ നേരിട്ട് ഭരിച്ചിരുന്ന പ്രദേശങ്ങളാണ് ഇന്ത്യക്കും പാക്കിസ്ഥാനുമായി കൈമാറിയത്. അവർക്ക് കപ്പം കൊടുത്തിരുന്ന നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയോടൊപ്പം ചേരാനോ പാക്കിസ്ഥാനോടൊപ്പം ചേരാനോ സ്വതന്ത്രമായി നിലനിൽക്കാനോ സ്വാതന്ത്ര്യവും കൊടുത്തു.
തിരുവിതാംകൂർ, ഹൈദരാബാദ്, കാശ്മീർ തുടങ്ങിയ 6 രാജ്യങ്ങൾ ഇന്ത്യയിൽ ലയിക്കാൻ തയ്യാറായില്ല.ഇവരിൽ കാശ്മീർ ഒഴികെ ഉള്ളവരെ അനുനയിപ്പിച്ചും ബലം പ്രയോഗിച്ചും ഇന്ത്യയുടെ ഭാഗമാക്കി.
കാശ്മീർ സ്വതന്ത്രമായി നിന്നെങ്കിലും അത് അധിക സമയം നീണ്ടുനിന്നില്ല. 1947 ൽ പാക്കിസ്ഥാൻ കാശ്മീരിനെതിരെ യുദ്ധം പ്രഖ്യാപിച്ചു, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീർ പാക്കിസ്ഥാന് അവകാശപ്പെട്ടതാണ് എന്നായിരുന്നു അവരുടെ ന്യായം. ഇന്ത്യ കാശ്മീരിനെ യുദ്ധത്തിൽ സഹായിച്ചു. എങ്കിലും ഒരു ഭാഗം പാക്കിസ്ഥാൻ കൊണ്ടുപോയി
അതാണ് ആസാദ് കാശ്മീർ അഥവാ പാക് അധീന കശ്മീർ. നമ്മൾ ഭൂപടത്തിൽ നമ്മുടേതായി വരക്കുന്ന കാശ്മീരിന്റെ പകുതിയോളം വരുന്ന ഭാഗം 1947 മുതൽ 'സ്വതന്ത കാശ്മീർ' എന്നാണ് അറിയപ്പെടുന്നത്, നമ്മളതിനെ പാക്കിസ്ഥാൻ അധിനിവേശ കാശ്മീർ എന്നു വിളിക്കുന്നു. ആ ഭാഗം 75 വർഷമായി പാക്കിസ്ഥാന്റെ നിയന്ത്രണത്തിലാണ്. നമ്മുടെ അയൽ രാജ്യങ്ങളുടെ കൂട്ടത്തിൽ അഫ്ഗാനിസ്ഥാനെ എണ്ണുന്നത് പോലും അവർ നമ്മുടെ ഭൂമിയായ ആസാദ് കാശ്മീരുമായി അതിർത്തി പങ്കിടുന്നുണ്ടെന്ന സാങ്കേതിക കാരണത്താലാണ്.
പാക്കിസ്ഥാൻ വീണ്ടും ആക്രമിക്കുമെന്ന് വിചാരിച്ച് കാശ്മീർ രാജാവ് ഇന്ത്യയുമായി ഒരു കരാറിൽ ഒപ്പു വെച്ച് ഇന്ത്യയുടെ ഭാഗമായി നിൽക്കാൻ തയ്യാറായി. ഇന്ത്യയും അത് അംഗീകരിച്ചു. അങ്ങനെ പാക്കിസ്ഥാന്റെയും ചൈനയുടെയും ആക്രമണത്തിൽ നിന്ന് കാശ്മീർ എന്ന രാജ്യത്തെ രക്ഷിക്കുന്നതായി ഇന്ത്യ ഇന്ത്യയുടെ സൈന്യത്തെ അവിടെ അതിർത്തിയിൽ വിന്യസിച്ചു. കാശ്മീർ കാശ്മീരികളുടേതായി തന്നെ തുടർന്നു. അതാണ് ഭരണഘടനയുടെ Article 370. (പിന്നീട് ഇന്ത്യ അത് ഏകപക്ഷീയമായി റദ്ദ് ചെയ്തു)
ഇതിനിടയിൽ ചൈന 1963-ൽ കാശ്മീർ ആക്രമിച്ച് ഒരു ഭാഗം സ്വന്തമാക്കി. മോദി പ്രധാനമന്ത്രിയായ ശേഷം ചൈന വീണ്ടും കാശ്മീരിലേക്ക് കടന്നുകയറ്റം നടത്തി, പാങ്കോംഗ് തടാകം ഉൾപ്പെടെ ലഡാക്കിന്റെ വിവിധ ഭാഗങ്ങൾ കയ്യേറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ ഗൂഗിൾ മാപ്പ് സഹിതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, രാഹുൽ ഗാന്ധി ഇക്കാര്യം പാർലമെൻറിൽ പലതവണ ഉന്നയിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈനക്കെതിരെ പ്രസ്താവന നടത്തിയിട്ടുണ്ട്.
പാക് അധീന കശ്മീർ തിരിച്ചു പിടിക്കണം കൂടെ ചൈനീസ് അധീന കശ്മീരും തിരിച്ച് പിടിക്കണം, ചൈനീസ് അധീന അരുണാചൽ പ്രദേശിനെയും തിരിച്ചു പിടിക്കണം. ഭാരതത്തിന്റെ ഒരു തരി മണ്ണും വിട്ട് കൊടുക്കരുത്. ഇന്ത്യ എന്ന വീടിന്റെ ഒരു മുറി മാത്രമല്ല എല്ലാ മുറികളും നമുക്ക് തിരിച്ചു പിടിക്കണം.
മോഹൻ ഭഗവത് ജീക്കൊപ്പം 💪
ഭാരത് മാതാ കീ ജയ്.
-ആബിദ് അടിവാരം
Posted Oct 6, 2025, 7:16 PM UTC